തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ആധാര്‍ ലിങ്ക് ചെയ്ത ഐആര്‍സിടിസി അക്കൗണ്ടുകള്‍ക്ക് മുന്‍ഗണന
ന്യൂഡല്‍ഹി: തത്കാല്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങില്‍ പുതിയ മാറ്റവുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ഐആര്‍സിടിസി (IRCTC) അക്കൗണ്ടുകള്‍ക്ക് തത്കാല്‍ ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ 10 മിനിറ്റുകളില്‍ മുന്‍ഗണന ലഭിക്കും എന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതുവരെ തത്കാല്‍ ടിക്കറ്റ് വിന്‍ഡോ തുറക്കുന്ന സമയത്ത് അംഗീകൃത ഏജന്റുമാര്‍ക്കും പോലും ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല. ഇനി മുതല്‍ ആധാര്‍ ലിങ്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് ഈ 10 മിനിറ്റിനുള്ളില്‍ നേരിട്ടുള്ള ബുക്കിങ്ങിന് മുന്‍ഗണന ലഭിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോവുകള്‍ വഴി പ്രതിദിനം 2,25,000 യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. മെയ് 24 നും ജൂണ്‍ 2 നും ഇടയില്‍ ബുക്കിങ്ങ് വിന്‍ഡോ തുറന്നതിന് ശേഷമുള്ള ആദ്യ മിനിറ്റില്‍ ശരാശരി 1,08,000 എസി ക്ലാസ് ടിക്കറ്റുകളില്‍ 5,615 എണ്ണം മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ. രണ്ടാം മിനിറ്റില്‍ 22,827 ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. എസി ക്ലാസില്‍, വിന്‍ഡോ തുറന്നതിന്റെ ആദ്യ 10 മിനിറ്റിനുള്ളില്‍ ശരാശരി 67,159 ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു. ഓണ്‍ലൈനായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെ കണക്കുകളില്‍ 62.5 ശതമാനം വരുന്നതാണ് ഈ കണക്കുകള്‍. ബാക്കിവന്ന 37.5 ശതമാനം ടിക്കറ്റുകളും ചാര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പുള്ള 10 മിനിറ്റുകള്‍ക്കിടയില്‍ ബുക്ക് ചെയ്യപ്പെട്ടു. അതില്‍ 3.01 ശതമാനം തത്കാല്‍ ടിക്കറ്റുകള്‍ വിന്‍ഡോ തുറന്ന് 10 മണിക്കൂറിലധികം കഴിഞ്ഞാണ് ബുക്ക് ചെയ്തതെന്നും റെയില്‍വേ അവകാശപ്പെട്ടു. നോണ്‍-എസി വിഭാഗത്തില്‍ മെയ് 24 മുതല്‍ ജൂണ്‍ 2 വരെ പ്രതിദിനം ശരാശരി 1,18,567 ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു. ഇതില്‍ ഏകദേശം 4 ശതമാനം വരുന്ന 4,724 ടിക്കറ്റുകള്‍ ആദ്യ മിനിറ്റിനുള്ളില്‍ ബുക്ക് ചെയ്തു, അതേസമയം 20,786 ടിക്കറ്റുകള്‍ (ഏകദേശം 17.5% ) രണ്ടാം മിനിറ്റിലും ബുക്ക് ചെയ്തു. വിന്‍ഡോ തുറന്നതിന് ശേഷമുള്ള ആദ്യ 10 മിനിറ്റിനുള്ളില്‍ ഏകദേശം 66.4 ശതമാനം ടിക്കറ്റുകള്‍ വിറ്റു. കൂടാതെ, വിന്‍ഡോ തുറന്നതിന്റെ ആദ്യ മണിക്കൂറിനുള്ളില്‍ ഏകദേശം 84.02 ശതമാമനം ടിക്കറ്റുകള്‍ വില്പന നടത്താനായി. ബാക്കിയുള്ള ടിക്കറ്റുകള്‍ അടുത്ത 10 മണിക്കൂറിനുള്ളില്‍ വിറ്റുപോയതായും കണക്കുകള്‍ പറയുന്നു. തല്‍ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് കണക്കുകള്‍ എന്നാണ് റെയില്‍വെ പറയുന്നത്. വിന്‍ഡോ തുറന്നതിന് 8 മുതല്‍ 10 മണിക്കൂര്‍ ശേഷവും ഏകദേശം 12 ശതമാനം തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെടുന്നത് ഇതിന്റെ ഭാഗമാണെന്നാണ് ഐആര്‍സിടിസിയുടെ വിലയിരുത്തല്‍.